ചെന്നൈ: ഭൂമിക്ക് പട്ടയം അനുവദിക്കാൻ കൈക്കൂലിയായി മീൻകറി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് സസ്പെൻഷൻ. കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജിൽ നടന്ന സംഭവത്തിൽ കാർത്തിക്കിനെയാണ് സസ്പെൻഡ് ചെയ്തത്.
പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകിയ കർഷകനോടാണ് ദേവർമല വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കാർത്തിക് വീട്ടിൽ പാകം ചെയ്ത മീൻകറി ആവശ്യപ്പെട്ടത്. മീൻകറിയും ഊണും പാഴ്സലായി എത്തിച്ചാൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പട്ടയം നൽകാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉദ്യോഗസ്ഥനുമായുള്ള സംഭാഷണം കർഷകൻ ഫോണിൽ റെക്കോർഡ് ചെയ്യുകയും തുടർന്ന് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുകയുമായിരുന്നു. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.